മോഷണ ശ്രമങ്ങൾക്കെതിരെ കോയിപ്രം പോലീസിന്റെ മുന്നറിയിപ്പ്

പുല്ലാട്: കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രികാല മോഷണ ശ്രമങ്ങൾ കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തടിയൂർ , പ്ളാങ്കമൺ പ്രദേശങ്ങളിൽ മോഷണം നടന്നിരുന്നു. മോഷണം ശ്രമങ്ങൾ തടയാനായി കോയിപ്രം എസ്.എച്ച്.ഒ. ജി. സുരേഷ് കുമാർ ആളുകൾക്ക് മാർഗ നിർദ്ദേശങ്ങൾ നല്കി. വീടിൻ്റെ എല്ലാ വാതിലുകളും പൂട്ടുകളും ഭദ്രത ഉള്ളതാണെന്ന് ഉറപ്പ് വരുത്തുക. കഴിയുന്നതും മുൻ, പിൻ വാതിലുകൾക്ക് പിന്നിൽ വിലങ്ങനെയുള്ള ഇരുമ്പ് പട്ടകൾ ഘടിപ്പിക്കുന്നത് സുരക്ഷ കൂട്ടാൻ ഉപകരിക്കും. ജനൽപാളികൾ രാത്രി അടച്ചിടുക. അപരിചിതർ കോളിങ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽവഴി സംസാരിക്കുക. അപരിചിതരായ സന്ദർശകർ, പിരിവുകാർ, യാചകർ, വീട്ടിൽ വരുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ ശ്രദ്ധിക്കുക. വീടിനുപുറത്തും പിന്നിലും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക. വീടിന് പുറത്ത് അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന, കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങളായ പാര, കുന്താലി, മഴു, ഗോവണി തുടങ്ങിയവ കഴിയുന്നതും കവർച്ചക്കാരിൽ നിന്ന് അകറ്റി സൂക്ഷിക്കുക. അസമയത്ത് വീടിനു പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ പോലിസിനെയോ അയൽക്കാരെയോ പോലീസിനെയോ അറിയിക്കുക. കഴിയുന്നതും ശക്തവും നീണ്ട വെളിച്ചവുമുള്ള പവർ ടോർച്ച് / സേർച്ച് ലൈറ്റുകൾ വീടുകളിൽ കരുതുക. വീട് പൂട്ടി പുറത്തു പോകുന്നവർ മോഷ്ടാക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ ഗേറ്റിന് വെളിയിൽ പൂട്ടിട്ട് പൂട്ടുന്നതിന് പകരം ചങ്ങലയിട്ടോ മറ്റോ ഉപയോഗിച്ച് ഗേറ്റിനകം പൂട്ട് വരത്തക്ക വിധം ലോക്ക് ചെയ്യുക. വീട്ടിൽ ആളില്ലാത്ത ദിവസങ്ങളിൽ പത്രക്കാരനോട് പത്രം ഇടേണ്ട എന്നറിയിക്കുക. വീടിനു മുന്നിൽ ദിവസങ്ങളോളം എടുക്കാതെ കിടക്കുന്ന പത്രങ്ങളും മാഗസിനുകളും മോഷ്ടാക്കളുടെ ശ്രദ്ധക്ഷണിച്ചു വരുത്താൻ ഇടയുണ്ട്. വീട് പൂട്ടി പോകുന്ന സമയം പുറത്ത് ലൈറ്റ് ഇട്ടിട്ട് പോകാതിരിക്കുക. പകലും രാത്രിയും തുടർച്ചയായി ലൈറ്റ് കത്തിക്കിടക്കുന്നത് മോഷ്ടാക്കൾക്ക് സൂചന നൽകും.


സ്വർണ്ണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വീട്ടിൽ സൂക്ഷിക്കാതിരിക്കുക. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക. നേരത്തെ തന്നെ വീട്ടിൽ മടങ്ങിയെത്താൻ ശ്രമിക്കുക. കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറിയിക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേസമയം നാലുഭാഗവും അന്വേഷണം നടത്തുകയും ചെയ്യുക.


പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയിൽ തൊടാതിരിക്കുക. അങ്ങനെ ചെയ്താൽ തെളിവ് നഷ്ടപ്പെടാൻ കാരണമാവും. നിരീക്ഷണ ക്യാമറ ഉള്ളവർ രാത്രി റെക്കോഡ് മോഡിൽ ഇടുക. ക്യാമറ ഓഫ് അല്ലെന്ന് ഉറപ്പുവരുത്തുക. കോയിപ്രം എസ്.എച്ച്.ഒ. : 9497947146.
ലാൻഡ് നമ്പർ :0469 2660246

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *