അരയും തലയും മുറുക്കുക

കേരളത്തിന്റെ അനുഷ്ടാന കലയായ വേല കളിയുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ് ‘അരയും തലയും മുറുക്കുക ‘ എന്നത്. സാധാരണയായി അമ്പലങ്ങളിലെ ഉത്സവ സമയത്താണ് വേലകളി അവതരിപ്പിക്കുക.

കളിക്കാർ കുളിച്ച് നെറ്റിയിലും , കൈയിലും ചന്ദനക്കുറി ചാർത്തുന്നു. കരിയെഴുതി കണ്ണിമകൾ കറുപ്പിക്കും. കടകം, കേയൂരം, എന്നീ കൈയ്യാഭരണങ്ങൾ ചാർത്തും. പളുങ്കുമണികൾ കോർത്തുകെട്ടിയ “കൊരലാരം” മാറത്ത് ചാർത്തും. പിന്നെ തലപ്പാവും , ഉടുവസ്ത്രവും ധരിക്കുന്നു. അരയും തലയും മുറുക്കുക എന്നാണിതിനു പറയുന്നത്. ചുവന്ന തുണി കൊണ്ട് തലപ്പാവ് കെട്ടും. കസവു റിബൺ കൊണ്ട് ഇത് കെട്ടിമുറുക്കും.

മധ്യകാലഘട്ടത്തിലെ നായർ ഭടന്മാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമണിഞ്ഞ കലാകാരന്മാർ വേഗത്തിൽ ചുവടു വെക്കുക യും മെയ്‌വഴക്കത്തോടെ വാദ്യസംഗീതത്തി നൊപ്പിച്ച് വാൾ വീശുകയും ചെയ്യുന്നു. മദ്ദളം, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവയാണ് അകമ്പടി വാദ്യങ്ങൾ. അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉൽഭവം. മാത്തൂർ പണിക്കർ എന്ന ചെമ്പകശ്ശേരി പടയുടെ പടനായകനാണ് ഭടന്മാരുടെയും , ജനങ്ങളുടെയും പോരാട്ടവീര്യം വർദ്ധിപ്പിക്കുവാനായി ഈ കലാരൂപം ആവിഷ്കരിച്ചത്.

അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ വർഷംതോറും നടക്കുന്ന ഉത്സവത്തിന്റെ ഒരു പ്രധാന ഇനമാണ് വേലകളി. തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രത്തിൽ തിരുവുത്സവ ത്തോടനുബദധിച്ചു വർഷങ്ങളായി നടന്നു വരുന്നചടങ്ങാണ് വേലകളി. ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിലും വേലകളി ഒരു ആചാരമായി നടന്നുവരുന്നു. കുട്ടികളാണ് അവിടെ വേലകളി അഭ്യസിക്കുന്നത് എന്നൊരു പ്രത്യേകതയുണ്ട് .

തിരുമുമ്പിൽ വേല ചെമ്പകശ്ശേരി രാജ്യത്തു നിന്നാണ് വേലകളിയുടെ ഉദ്ഭവമെന്ന് ചരിത്ര പണ്ഡിതന്മാർ പറയുന്നു. ചെമ്പകശ്ശേരി രാജാവിൻെറ കാലത്ത് അദ്ദേഹത്തിൻ്റെ സേനാധിപരായിരുന്ന മാത്തൂർ പണിക്കരും , വെള്ളൂർ കുറുപ്പും കളരിയഭ്യാസത്തിലും മറ്റും അതീവ സമർത്ഥരായിരുന്നു. ഒട്ടനവധി ശിഷ്യഗണങ്ങളും അവർക്കുണ്ടായിരുന്നു. ചെമ്പകശ്ശേരി യോദ്ധാക്കളുടെ യശസ്സ് പരക്കെ അറിയപ്പെട്ടതോടെ തിരുവിതാംകൂറിനുള്ള പടയാളികളുടെ പരിശീലന ചുമതലയും മാത്തൂർ പണിക്കർക്ക് ലഭിച്ചു. ഇദ്ദേഹം പരിശീലിപ്പിച്ച 200 ഓളം പടയാളികൾ കരുനാഗപ്പള്ളി തഹസീൽദാർക്കുമുന്നിൽ വേലകളി അവതരിപ്പിച്ചിരുന്നു.കളരിപ്പയറ്റിന്റെ ഉന്നമനത്തിനുവേണ്ടി രാജാവ് സേനാധിപന്മാ ർക്കും ശിഷ്യഗണങ്ങൾക്കും വേണ്ടത്ര പ്രോത്സാഹനം കൊടുത്തിരുന്നു.

രാജാവിനും നാട്ടുകാർക്കും വേണ്ടി കളരിപ്പയ റ്റിനെ ഒന്നു പരിഷ്കരിച്ച് ഉത്സവകാ ലത്ത് അമ്പലപ്പുഴ ക്ഷേത്രസന്നിധിയിൽ പ്രദർശിപ്പി ക്കുന്നതിന് അവർ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് വേലകളി ക്ഷേത്ര അനുഷ്ഠാനകലയായി പ്രചാരത്തിലായത്. പണ്ടുകാലത്ത് അമ്പലപ്പുഴ ഉത്സവത്തിന് എട്ടുവേലയും എട്ടു പടയണിയുമായിരുന്നു പതിവ്. പടയണിയുടെ എണ്ണം കുറഞ്ഞെങ്കിലും എട്ടുദിവസത്തെ വേലകളി ഇപ്പോഴുമുണ്ട്. വേലകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *